
ദോഹ: രാജ്യത്ത് ഡ്രോണുകളുടെയും (Unmanned Aircraft) മറ്റ് ആളില്ലാ വിമാനങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനായി ഖത്തർ പുതിയ സമഗ്ര നിയമം പ്രാബല്യത്തിൽ വരുത്തി. ഡ്രോൺ പ്രവർത്തനങ്ങളുടെ പൂർണ്ണ മേൽനോട്ടവും നിയന്ത്രണാധികാരവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് (QCAA) നൽകിക്കൊണ്ടുള്ള 2026-ലെ 10-ാം നമ്പർ അമീരി ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ വ്യോമയാന സുരക്ഷിതത്വം നിലനിർത്താനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമനിർമ്മാണം.ഡ്രോണുകൾ പറത്താൻ അനുമതിയുള്ള പ്രത്യേക മേഖലകൾ, റൂട്ടുകൾ, പരമാവധി ഉയര പരിധി (Maximum Altitude) എന്നിവ സിവിൽ ഏവിയേഷൻ അതോറിറ്റി നിശ്ചയിക്കും.ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും അതോറിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകൾ നൽകുന്നതും പുതുക്കുന്നതും അതോറിറ്റിയായിരിക്കും.രാജ്യത്ത് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ തരങ്ങളും അവ പാലിക്കേണ്ട സാങ്കേതിക ആവശ്യകതകളും അതോറിറ്റി കൃത്യമായി നിഷ്കർഷിക്കും.ഡ്രോൺ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത രീതിയിലാണെന്ന് ഉറപ്പാക്കാനുള്ള കർശന വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ, ഗവേഷണ, വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകളുടെ ഉപയോഗം രാജ്യത്ത് അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ വ്യക്തികൾക്കും ബിസിനസുകൾക്കും അവസരമൊരുക്കുമ്പോൾ തന്നെ, രാജ്യത്തിന്റെ വ്യോമാതിർത്തിയുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം സഹായിക്കും. നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക നിർദ്ദേശങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കും.











